Follow KVARTHA on Google news Follow Us!
ad
Posts

മനോജ് വധക്കേസില്‍ സിബിഐ അന്വേഷണം ഒഴിവാക്കാന്‍ സിപിഎം ശ്രമിച്ചു, വിജയിച്ചില്ല

ആര്‍.എസ്.എസ് കണ്ണൂര്‍ ജില്ലാ നേതാവ് മനോജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം Thiruvananthapuram, CPM, Oommen Chandy, Ramesh Chennithala, Kannur, Murder, Case
തിരുവനന്തപുരം: (www.kvartha.com 14.09.2014) ആര്‍.എസ്.എസ് കണ്ണൂര്‍ ജില്ലാ നേതാവ് മനോജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം ഏത് വിധവും ഒഴിവാക്കാന്‍ സിപിഎം നേതൃത്വം കേരളത്തിലും ഡല്‍ഹിയിലും ശ്രമം നടത്തി. എന്നാല്‍ കേന്ദ്രത്തില്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ഭരണമാറ്റം ഉണ്ടായതും കേരളത്തില്‍ രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായതും ഈ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി.

നേരത്തെ പിണറായി വിജയന്‍ പ്രതിയായ ലാവ്‌ലിന്‍ കേസില്‍ സിപിഎം നേതൃത്വത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് രഹസ്യമായി കോണ്‍ഗ്രസ് നേതൃത്വം പിണറായിക്ക് വേണ്ടി നടത്തിയ നീക്കങ്ങളുടെ ആവര്‍ത്തനത്തിനാണ് ശ്രമിച്ചത്. എന്നാല്‍ അന്ന് കേന്ദ്രം ഭരിച്ചിരുന്നത് യുപിഎ സര്‍ക്കാര്‍ ആയിരുന്നു എന്നതും കേരത്തിലെ ആഭ്യന്തര വകുപ്പ് ഉമ്മന്‍ ചാണ്ടിയുടെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും നിയന്ത്രണത്തിലായിരുന്നു എന്നതുമാണ് അനുകൂല ഘടകങ്ങളായത്. കാലങ്ങളായി നിര്‍ണായക ഘട്ടങ്ങളില്‍ സിപിഎമ്മും കോണ്‍ഗ്രസും പൊതുസമൂഹമറിയാതെ നടത്തുന്ന രഹസ്യ ഒത്തുതീര്‍പ്പ് ഇത്തവണ തുടരാന്‍ കഴിഞ്ഞില്ല.

സംഘപരിവാര്‍ നേതൃത്വത്തെ പ്രീതിപ്പെടുത്താനും കേന്ദ്രത്തിലെ മോഡി സര്‍ക്കാരിനെ തൃപ്തിപ്പെടുത്താനും ഉമ്മന്‍ ചാണ്ടിയും രമേശും ഒന്നിച്ചു നിന്നതു കൊണ്ടാണ് ദിവസങ്ങള്‍ക്കുള്ളില്‍ സിബിഐ അന്വേഷണ തീരുമാനമുണ്ടായത്. കേരള പോലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം അന്വേഷണത്തിന്റെ ആദ്യ ഘട്ടം കടക്കുന്നതിന് മുമ്പേ തന്നെ കേന്ദ്ര ഏജന്‍സിക്ക് വിടാന്‍ തീരുമാനിക്കുന്നതും ചരിത്രത്തിലാദ്യമാണ്.

സാധാരണ രീതിയില്‍ കേരള പോലീസ് അന്വേഷിക്കുന്ന കേസുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വലിയ പ്രക്ഷോഭങ്ങള്‍ ഉണ്ടായാല്‍ പോലും സര്‍ക്കാര്‍ വഴങ്ങാതിരിക്കുന്നതാണ് രീതി. പോലീസിന്റെ മനോവീര്യം കെടും എന്ന വാദമാണ് അതിന് കാരണമായി പറയാറുള്ളത്. എന്നാല്‍ മനോജ് വധക്കേസിലാകട്ടെ കാര്യങ്ങളെല്ലാം വേഗത്തിലായിരുന്നു. ഇങ്ങനെ സിബിഐ അന്വേഷണത്തിന് തിരക്കിട്ട് തീരുമാനിക്കുമെന്ന് സിപിഎം നേതൃത്വവും പ്രതീക്ഷിച്ചില്ല. കാര്യങ്ങള്‍ തങ്ങളുടെ പിടിവിട്ട് പോവുകയാണെന്ന് മനസിലായതോടെയാണ് സിപിഎം കേന്ദ്ര നേതൃത്വം ഡല്‍ഹിയിലും കേരള നേതൃത്വം തിരുവനന്തപുരത്തും ചില നീക്കങ്ങള്‍ നടത്തി നോക്കിയത്.

മനോജ് വധത്തിന്റെ ഗൂഢാലോചനയെ കുറിച്ച് സിബിഐ അന്വേഷിക്കുന്നത് ഗുണകരമാവില്ലെന്ന് തിരിച്ചറിഞ്ഞായിരുന്നത്രെ ഇത്. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് ഔദ്യോഗിക വിഭാഗത്തിന്റെ ഈ നീക്കത്തെ കുറിച്ച് ചില സൂചനകള്‍ ലഭിച്ചിരുന്നു. മനോജ് വധക്കേസിലെ ഒന്നാം പ്രതിയായ വിക്രമനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് വലവീശിയിരിക്കെ കണ്ണുവെട്ടിച്ച് കോടതിയില്‍ കീഴടങ്ങിയത് സിബിഐ അന്വേഷണം ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗം തന്നെയായിരുന്നു. എന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ അയഞ്ഞില്ല.

കഴിഞ്ഞ ദിവസം സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനം അവര്‍ കേന്ദ്രത്തിന് അയയ്ക്കുകയും ചെയ്തു. എന്നാല്‍ കേസ് ഏറ്റെടുക്കുമോ ഇല്ലെയോ എന്ന് ഇതുവരെ സിബിഐ വ്യക്തമാക്കിയിട്ടില്ല. ഇതിലാണ് സിപിഎമ്മിന് നേരിയ പ്രതീക്ഷയുള്ളത്. എന്നാല്‍ അത് അട്ടിമറിക്കാന്‍ കൂടിയാണ് വിഎസ് അച്യുതാനന്ദന്‍ ഞായറാഴ്ച അപ്രതീക്ഷിതമായ പ്രതികരണം നടത്തിയതെന്നറിയുന്നു. സിബിഐ അന്വേഷണത്തിന് വിടുകയല്ലാതെ സംസ്ഥാന സര്‍ക്കാരിന് വേറെ വഴിയില്ലായിരുന്നല്ലോ എന്നാണ് വിഎസ് പറഞ്ഞത്.

രണ്ട് ദിവസത്തിനുള്ളില്‍ സിബിഐ അന്വേഷണം സംബന്ധിച്ച കേന്ദ്ര തീരുമാനം ഉണ്ടാകും. ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് പ്രമുഖ് ആയിരുന്ന കതിരൂര്‍ മനോജിനെ സെപ്റ്റംബര്‍ ഒന്നിനാണ് കൊലപ്പെടുത്തിയത്. ഒരുമാസം തികയുന്നതിന് മുമ്പ് സിബിഐ അന്വേഷണത്തില്‍ എത്തിയ അപൂര്‍വ രാഷ്ട്രീയ കൊലപാതക കേസായി ഇത് മാറുകയാണ്. അതുതന്നെയാണ് സിപിഎമ്മിനെ അലോസരപ്പെടുത്തുന്നത്.

Thiruvananthapuram, CPM, Oommen Chandy, Ramesh Chennithala, Kannur, Murder, Case, Investigates

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Thiruvananthapuram, CPM, Oommen Chandy, Ramesh Chennithala, Kannur, Murder, Case, Investigates, BJP, RSS, Narendra Modi, UPA, Kathirur Manoj, Vikraman, Manoj Murder: CPM tried to avoid CBI probe. 

Post a Comment